Porno
Wednesday , 5 August 2015
News:

അഞ്ചു സുന്ദരികള്‍ – പെണ്ണുങ്ങള്‍ക്ക് കൊച്ചുകഥകളേ ഉള്ളൂ!

Anju-Sundarikal
ഷൈജു ഖാലിദിന്റെ സേതുലക്ഷ്മി, സമീര്‍ താഹിറിന്റെ ഇഷ, ആഷിക് അബുവിന്റെ ഗൗരി, അമല്‍ നീരദിന്റെ കുള്ളന്റെ ഭാര്യ, അന്‍വര്‍ റഷീദിന്റെ ആമി എന്നിവയാണ് ആ അഞ്ചു സിനിമകള്‍. യഥാക്രമം മുനീര്‍ അലിയും ശ്യം പുഷ്‌കരനും, സിദ്ധാര്‍ത്ഥ് ഭരതന്‍, അമല്‍ നീരദും അഭിലാഷ് കുമാറും, ഉണ്ണി ആര്‍, ഹാഷിര്‍ മുഹമ്മദ് എന്നിവരാണ് രചന.  ഇവയില്‍ ഇഷയും ഗൗരിയും അക്ഷരാര്‍ത്ഥത്തില്‍ മടുപ്പിക്കുന്നു. സേതുലക്ഷ്മി പ്രമേയത്തിന്റെ സാമൂഹികപ്രസക്തിയും സമകാലികതയും കൊണ്ടും അവതരണത്തിലെ കാര്‍ക്കശ്യം കൊണ്ടും ശ്രദ്ധ നേടും. കുള്ളന്റെ ഭാര്യ ആഖ്യാനത്തിലെ സവിശേഷതയും അവതരണത്തിലെ ലാളിത്യമാര്‍ന്ന സൗന്ദര്യവും കൊണ്ടും ശ്രദ്ധേയമാകുന്നു. അന്‍വര്‍ റഷീദ് സംവിധാനം നിര്‍വഹിച്ച ആമിയാണ് കൂട്ടത്തില്‍ ഏറ്റവും മുന്തിനില്‍ക്കുന്നത്. കേരള കഫേയിലും ഏറ്റവും മികച്ച സിനിമയൊരുക്കിയ അന്‍വറിന്റെ സിനിമ ഏറ്റവും അവസാനം ചേര്‍ത്തിരിക്കുന്നതുതന്നെ, ആ സിനിമയാണ് തിയറ്റര്‍ വിടുന്ന കാണികളുടെ ഉള്ളില്‍ എന്തെങ്കിലും അവശേഷിപ്പിക്കുക എന്ന അണിയറക്കാരുടെ ബോദ്ധ്യത്തിന്റെ തെളിവാണ്. അന്‍വര്‍ റഷീദ് ഈ സിനിമയുടെ ഐശ്വര്യം എന്ന് തുടക്കത്തില്‍ എഴുതിക്കാണിച്ചാലും ദോഷമില്ല.
എം മുകുന്ദന്റെ ഫോട്ടോ എന്ന കഥയില്‍നിന്നാണ് സേതുലക്ഷ്മിയുടെ ജനനം. സാമൂഹികയാഥാര്‍ത്ഥ്യത്തിന്റെ പരുക്കന്‍ കാഴ്ചയിലേക്കു തുറന്നുവച്ച കണ്ണാണ് ഈ സിനിമ. എം മുകുന്ദന്റെ ഈ കഥയിലും സമാനസാഹചര്യത്തിലുള്ള ദല്‍ഹി 1981ലും നമുക്ക് സാമൂഹികപ്രശ്‌നങ്ങളില്‍ ഇടപെടാതെ, കണ്ടുനില്‍ക്കുന്ന മനുഷ്യരുടെ ആഖ്യാനം കണ്ടെത്താം. എന്നാല്‍, ചെറുകഥയില്‍ അത് ഒരു ആഴത്തില്‍ മുഴങ്ങുന്ന സ്‌ഫോടനാത്മകത സൂക്ഷിക്കുന്നുണ്ട്. ഇവിടെ സേതുലക്ഷ്മി കാണികളെ സ്തബ്ധരാക്കാന്‍ ഉദ്ദേശിച്ച് മനപ്പൂര്‍വം സൃഷ്ടിച്ചതുപോലെ അനുഭവപ്പെടുന്നു. അതുകൊണ്ടുതന്നെ ആഴത്തിലുള്ള സത്യസന്ധതയുടെ നാദം ചിത്രം ഉയര്‍ത്തുന്നില്ല.
ചിത്രത്തിലെ ബാലികയെ അവസാനഷോട്ടില്‍ സ്‌കൂട്ടറില്‍ പുരുഷന്‍ കൊണ്ടുപോകുന്ന ദൃശ്യഖണ്ഡം മെല്ലെ മായുമ്പോള്‍ കാണികള്‍ നടുങ്ങിയ അവസ്ഥയില്‍ ആയിപ്പോകും. ഇങ്ങനെ യാഥാര്‍ത്ഥ്യത്തെ അതേപടിയോ പര്‍വതീകരിച്ചോ ചിത്രീകരിക്കുന്നതാണ് കലയുടെ ധര്‍മമെന്ന് കരുതാനാവില്ല. ഷോക്ക് എലമെന്റാണ് കാര്യമെങ്കില്‍ ചിത്രം വിജയിച്ചിരിക്കുന്നു. പക്ഷേ, ആ നടുക്കം അടുത്ത സിനിമയിലേക്ക് കടക്കുമ്പോള്‍ അലിഞ്ഞില്ലാതാകും. അത്രയും നടുക്കമേ ഉദ്ദേശിച്ചിട്ടുള്ളൂ. ബിടി ബ്രിന്‍ജാല്‍ എന്ന വഴുതനങ്ങ പോലെ, വീര്‍പ്പിച്ചെടുത്ത യാഥാര്‍ത്ഥ്യമായി സേതുലക്ഷ്മി മാറുന്നു.
അഞ്ചു സുന്ദരികള്‍ മൊത്തത്തില്‍ ക്യാമറാമാന്‍മാരുടെ വിജയഭേരിയാണ്. അഞ്ചു സിനിമകളില്‍ മൂന്നിലും ക്യാമറാമാന്മാരായ സംവിധായകരാണുള്ളത്. ക്യാമറ സംവിധാനത്തിനുമേല്‍ മേല്‍ക്കൈ നേടുന്നതിന്റെ അടയാളമായും മൊത്തം സിനിമകളെ കാണാം. സേതുലക്ഷ്മിയിലും കുള്ളന്റെ ഭാര്യയിലും ക്യാമറ പ്രത്യക്ഷത്തില്‍ത്തന്നെ കഥാപാത്രമാണ്. ഒളിനോട്ടങ്ങളിലും അധികാരസ്ഥാപനത്തിലും ക്യാമറ വഹിക്കുന്ന പങ്ക് രണ്ടു ചിത്രങ്ങളിലും തെളിഞ്ഞുവരുന്നു. സേതുലക്ഷ്മിയില്‍ യാത്ര എന്ന സിനിമ പരാമൃഷ്ടമാകുന്നു. സംവിധായകനായി മാറിയ ക്യാമറമാന്‍ ബാലു മഹേന്ദ്രയുടെ സിനിമ. ആ സിനിമ വന്ന കാലത്ത്, മാതൃഭൂമി വാരികയിലെ ചിത്രശാലയില്‍ നിരൂപകന്‍ എഴുതിയത്, ക്യാമറാമാന്‍ സംവിധായകനു മേല്‍ ആധിപത്യം സ്ഥാപിക്കുന്ന സിനിമയെന്നാണ്. ഈ വിശേഷണം അഞ്ചു സുന്ദരികള്‍ക്കും യോജിക്കും.
അധികാരം നിസ്സഹായതയുടെ മേല്‍ ആധിപത്യം സ്ഥാപിക്കുന്ന കഥയാണ് യാത്ര പറഞ്ഞത്. നിഷ്‌കളങ്കതയും പീഡോല്‍സുകതയും തമ്മിലുള്ള,  സരളസ്‌നേഹരസവും പരമക്രൂരരസവും തമ്മിലുള്ള ബലാബലത്തിന്റെ കഥ കൂടിയായിരുന്നു അത്. അതേ കഥയെ കാലത്തിന്റെ മറ്റൊരു കോണില്‍ വച്ച് നോക്കിക്കാണുകയാണ് സേതുലക്ഷ്മി. സിനിമ തീര്‍ച്ചയായും ഒരു നീറ്റലുണ്ടാക്കും. എന്നാല്‍ അത് മലരുകള്‍ക്കിടയിലെ മുള്ളുതട്ടിയുണരുന്ന മുറിവല്ല, ബ്ലേഡുകൊണ്ട് സംവിധായകന്‍ മനപ്പൂര്‍വം വരഞ്ഞുണ്ടാക്കുന്ന മുറിവാണ്. മുള്ളിന്റെ മുറിവുപാടു മായും, ഓര്‍മ മായില്ല. ബ്ലേഡിന്റെ മുറിവുപാടു മായില്ല. അതൊരു വിരൂപകലയായി അവശേഷിക്കും.
ഇഷ പെണ്ണിന്റെ സ്വാതന്ത്ര്യവേഗങ്ങളെ അംഗീകരിക്കുന്നു എന്ന തോന്നലുളവാക്കുന്ന ഷോട്ടുകളില്‍നിന്നാണ് ആരംഭിക്കുന്നത്. എന്നാല്‍, പറഞ്ഞുപറഞ്ഞ്, പെണ്ണിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും അവള്‍ വഞ്ചിക്കുമെന്നുമുള്ള സ്ഥിരം കഥയിലേക്ക് എത്തുന്നു. അവസാനം പുരുഷമോഷ്ടാവിന്റെ ബൈക്കിന്റെ പിന്‍സീറ്റിലെ ഇടംനേടി അവള്‍ ഫ്രെയിമില്‍ അവനോടൊപ്പം ഫ്രീസാകുമ്പോള്‍ പടം പറഞ്ഞുതുടങ്ങിയ സ്വാതന്ത്ര്യവാദവും മരവിക്കുന്നു.
ആഷിക് അബുവിന്റെ ഗൗരി അങ്ങേയറ്റം കുഴപ്പം പിടിച്ച സിനിമയാണ്. നല്ലതോ ചീത്തയോ എന്ന കേവലവിലയിരുത്തലിനപ്പുറം അത് പ്രശ്‌നഭരിതമാകുന്നുണ്ട്. അപായമണിയാകുന്നില്ലെന്നതോ പോകട്ടെ, അപായം തന്നെയായി മാറുകയാണാ സിനിമ. ന്യൂ ജനറേഷന്‍ സിനിമയുടെ പൊതുസ്വഭാവം നിലനിര്‍ത്തിക്കൊണ്ട് ഗൗരി പ്രേമിച്ചു വിവാഹം കഴിക്കുന്ന വിജാതീയജോഡികളുടെ ജീവിതം ദുരന്തത്തില്‍ കലാശിക്കുമെന്നു പറഞ്ഞുറപ്പിക്കുന്നു. ഭര്‍ത്താവു മരിച്ചാല്‍ സ്ത്രീ ഉടന്തടി ചാടിക്കോണമെന്നും പടം പറഞ്ഞുവയ്ക്കുന്നു. സതിയുടെ സാമൂഹികപാഠങ്ങളില്‍ പടമായി ഇരിക്കുന്ന രാജാറാം മോഹന്‍ റായി വീണ്ടും ജനിച്ചുവരേണ്ടിയിരിക്കുന്നു.
ഗൗരി മുന്നോട്ടുവയ്ക്കുന്ന സംഗതി തന്നെയാണ് കുള്ളന്റെ ഭാര്യയും മുന്നോട്ടുവയ്ക്കുന്നത്. വീട്ടുകാരെ ധിക്കരിച്ച് ഒന്നിച്ച, സാമാന്യനോട്ടത്തില്‍ ചേര്‍ച്ചയില്ലാത്ത ദമ്പതികളിലൊരാള്‍ മരിക്കും, ദുരന്തം അവരെ വേട്ടയാടും എന്നതു തന്നെ. ഭാര്യ മരിച്ച അവസ്ഥയില്‍ കൈക്കുഞ്ഞുമായി, ആരും സഹായത്തിനില്ലാതെ നില്‍ക്കുന്ന കുള്ളന്റെ ദീനചിത്രം അവതരിപ്പിച്ചുകൊണ്ട് അവരുടെ അവസ്ഥയെ സിനിമ ആഴത്തില്‍ സ്ഥാപിക്കുന്നു. അതേസമയം, ഭാര്യയുടെ ചിതയില്‍ ചാടേണ്ടതില്ല ഭര്‍ത്താവെന്ന സാമൂഹികശാസ്ത്രം അനുസരിക്കുകയും ചെയ്യുന്നു.
ഒളിക്യാമറയുമായിരിക്കുന്ന ഒരുവന്റെ ആഖ്യാനമായിട്ടാണു സിനിമ വികസിക്കുന്നത്. വേലക്കാരിയെ നുണച്ചിയെന്നു പറയുന്ന ഈ കഥാപാത്രം, അവരുടെ ന്യായങ്ങളെ അട്ടിമറിക്കുന്നത് അനുവാദമില്ലാതെ എടുത്ത ദൃശ്യങ്ങള്‍ കാട്ടിയാണ്. ദൃശ്യചാരുതയാര്‍ന്ന ഖണ്ഡങ്ങള്‍ നിറഞ്ഞ ഈ സിനിമയുടെ ഗുണങ്ങള്‍, ആരെപ്പറ്റിയാണോ കഥ പറയപ്പെടുന്നത്, അവര്‍ തങ്ങളുടെ കഥ പറയുന്നതേയില്ലെന്നതാണ്. ഈയൊരു ക്രാഫ്റ്റ്, ശില്പകൗശലം സിനിമയ്ക്കു പുതുമയണയ്ക്കുന്നു. എന്നാല്‍, ഈ പുതുമകളെ റദ്ദു ചെയ്യുകയാണ് സിനിമയുടെയും ആഖ്യാതാവിന്റെയും ദൈവികവും സദാചാരനിരതവുമായ നിലപാട്. മുകളിലിരിക്കുകയും താഴെയുള്ളവരെല്ലാം മോറല്‍ പോലീസിംഗു നടത്തുകയാണെന്നു പറയുകയും ചെയ്യുന്ന ആഖ്യാതാവും അതുവഴി സിനിമയും സ്വയം അതുതന്നെയാണു ചെയ്യുന്നത്.
കുള്ളന്റെയും ഭാര്യയുടെയും ദുരന്തത്തിനു പരോക്ഷമായെങ്കിലും കാരണക്കാരായി അവതരിപ്പിക്കപ്പെടുന്ന കോളനിനിവാസികളില്‍ പ്രമുഖരെ ശ്രദ്ധിക്കുക. താഴ്ന്ന മദ്ധ്യവര്‍ഗത്തില്‍പ്പെട്ട ആളുകളാണവര്‍. ആ പാര്‍പ്പിടിസമുച്ചയങ്ങളിലെവിടെയും ഒരു കാര്‍ കാണാനില്ല. പകരം പല വീടുകളുടെയും മുന്നില്‍ സൈക്കിളുകള്‍ കാണാനുണ്ട്. ഹിന്ദുപ്പത്രം വായിക്കുന്നെന്നു നടിക്കുന്നയാള്‍, വെള്ളമടിക്കാന്‍ വരുന്ന സെക്യുരിറ്റിക്കാരന്‍ എന്നിങ്ങനെ കുശുമ്പും കുന്നായ്മയും പറയുന്നവര്‍ ഏതു വര്‍ഗത്തെ പ്രതിനിധീകരിക്കുന്നു എന്നു വ്യക്തം. നേരിയ ഒരു പൊക്കക്കുറവിന്റെ പേരില്‍ ആ ഭര്‍ത്താവിനെ കുള്ളനാക്കുന്നത് നാട്ടുകാരോ അതോ സിനിമയോ എന്നു വ്യക്തമായും സംശയിക്കണം. അവരുടെ ലൈംഗികതയെക്കുറിച്ചുള്ള ആശങ്ക നാട്ടുകാര്‍ക്കോ സിനിമയ്‌ക്കോ എന്നതും ചിന്ത്യം. സേതുലക്ഷ്മി പോലെ, കല കലയ്ക്കുവേണ്ടിയോ ജീവിതത്തിനു വേണ്ടിയോ അല്ല, കല ഷോക്കിനു വേണ്ടി എന്നാണ് ഈ സിനിമയും കരുതുന്നത്. അതിന് വേണ്ടിവന്നാല്‍ പള്ളിവാസലില്‍നിന്നു നേരിട്ടു കൊണ്ടുവന്ന് നമുക്കു ഷോക്കുതരും. സിഐഡി ഉണ്ണിക്കൃഷ്ണനില്‍ പറയുന്നതുപോലെ.
അന്‍വര്‍ റഷീദിന്റെ ആമി ഈ സിനിമയില്‍ രചനയുടെ കൈയടക്കംകൊണ്ടും അതിനു സംവിധായന്‍ ദൃശ്യഭാഷ ചമച്ചതിലെ ചാരുത കൊണ്ടും അനുമോദനാര്‍ഹമായ ഔന്നത്യം കൈവരിച്ചിരിക്കുന്നു. അറബിനാട്ടില്‍നിന്നുള്ള അധിനിവേശത്തെക്കുറിച്ചുള്ള സൂചനയും കീഴേത്തട്ടുകാരനെന്നു തോന്നിക്കുന്ന ഒരാളുടെ വാക്കുമാറ്റത്തിലൂടെ വരുന്ന അപായസന്ദേശത്തെയും കാണാതിരുന്നുകൂടാ. അതുപോലെ മുസ്ലിം യുവത്വം ഊഹക്കച്ചവടങ്ങളിലൂടെ നേടുന്ന സാമ്പത്തികസൗഭാഗ്യത്തെക്കുറിച്ചുള്ള സങ്കല്പവും ദുരുപദിഷ്ടമാണ്. സത്യത്തില്‍ ഇന്ത്യന്‍ റുപ്പിയുടെ അവസാനം മൊട്ടയടിച്ചു പ്രത്യക്ഷപ്പെടുന്ന അതേ ഫഹദ് കഥാപാത്രത്തിന്റെ തുടര്‍ച്ചയായി ഈ സിനിമയെ വായിക്കാനാകും. നഴ്‌സിനു തുല്യമായ ജോലി ചെയ്യുന്ന സ്ത്രീ പരപുരുഷനെ കിടക്കയിലേക്കു ക്ഷണിക്കുന്നതും ന്യൂ ജനറേഷന്‍ തുടര്‍ച്ച തന്നെ. അതെല്ലാം മാറ്റിവച്ചാല്‍, സിനിമ വേറേ പല നിലയ്ക്കും സര്‍ഗസുന്ദരമായി അനുഭവപ്പെടുക തന്നെ ചെയ്യും.
ചെറിയ കടംകഥകളും സമസ്യകളും അവയ്ക്കു നമ്മുടെതന്നെ അകത്തും തൊട്ടുപുറത്തും കാഴ്ചവട്ടത്തും അനുഭവസീമകളിലും ഉള്ള ലളിതമായ ഉത്തരങ്ങളും തന്നെയാണു ജീവിതം എന്ന ദാര്‍ശനികത സിനിമ മുന്നോട്ടുവയ്ക്കുന്നു. രഹസ്യാത്മകവും നിഗൂഢവും ആയ രാത്രിയുടെയും അതു സൃഷ്ടിക്കുന്ന ഇരുട്ടിന്റെയും ഭ്രമാത്മകതയാണ് സിനിമയുടെ അന്തരീക്ഷം. എന്നാല്‍ ആ ഇരുട്ടും കൂടിച്ചേര്‍ന്നാണ് നിലാവിനെയും നിഴലിനെയും അവയിലെല്ലാം കൊരുത്തുകിടക്കുന്ന നേര്‍ത്ത ജീവിതസത്യങ്ങളെയും ഇഴപിരിച്ചെടുക്കുന്നത് എന്നു സിനിമ വ്യക്തമാക്കുന്നു. ആയിരത്തൊന്നു രാവുകളില്‍ ഉണര്‍ന്നിരുന്ന പറഞ്ഞ കഥകളിലൂടെ മരണത്തിനും ദുരയ്ക്കും കാമനയ്ക്കും ഇടയില്‍നിന്ന് ജീവിതത്തെയും സ്‌നേഹത്തെയും പാരസ്പര്യത്തെയും നൂറ്റെടുത്ത ഷെഹറസാദിനെപ്പോലെ, ഉറക്കംവെടിഞ്ഞിരുന്നു കൊരുത്ത കടംകഥകള്‍കൊണ്ട് ആമിയും സിനിമയുടെയും ജീവിതത്തിന്റെയും ദര്‍ശനം ചമയ്ക്കുന്നു.
കഴിവാണ് എല്ലാത്തിനെയും നിര്‍ണയിക്കുന്നത് എന്ന സമകാലികവിപണിഭാവനയെ സിനിമ പരിശോധിക്കുന്നു. കഴിവ് എന്നത് അതിസാമര്‍ത്ഥ്യമാണോ എന്നും ആലോചനയുന്നയിക്കുന്നു. വലുതാകുകയും ചെറുതാകുകയും ചെയ്യുന്നത് നിഴലുകളാണെന്ന് അത് അടിവരയിട്ടുപറയുന്നു. സന്ദര്‍ഭമാണ് അതിനു കളമൊരുക്കുന്നതെന്ന് വിചാരംകൊള്ളുന്നു. നിഴലുകള്‍ പറയുന്ന സത്യത്തെ സിനിമ ആത്മസ്പന്ദമായി സ്വീകരിക്കുന്നു. എന്തെല്ലാം കുറവുകളുണ്ടെങ്കിലും ആമി മികച്ച സൃഷ്ടിയായിത്തീരുന്നുണ്ട്. സേതുലക്ഷ്മി എന്തല്ലയോ, അതാകുകയാണ് ആമി. തിരിച്ചറിവിലേക്കെത്തുന്ന കഥാപാത്രത്തിനൊപ്പം കാണികളും സഞ്ചരിക്കുന്നു. ഒപ്പം, പുരുഷന്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ലോകത്തിന്റെ വിലക്ഷണതകളെ മായിക്കാന്‍ കഴിയുന്ന സ്‌ത്രൈണമായ സഹജാവബോധത്തെ മുന്നോട്ടുവയ്ക്കുന്നുമുണ്ടു സിനിമ. അഞ്ചുസുന്ദരികളില്‍ ആമിയെ മാത്രമാണ് റിവേഴ്‌സ് ക്ലാപ് പുകഴ്ത്തുക. മറ്റൊന്നുകൂടി പറയട്ടെ. പണ്ട് മാത്യു മറ്റം എഴുതിയ ഒരു നോവലിന്റെ പേരാണ് അഞ്ചു സുന്ദരികള്‍ എന്നത്. ഈ സിനിമയ്ക്ക് അഞ്ചു സുന്ദരികളെന്നു പേരിട്ടത് ഉചിതമായോ എന്നു സംശയം. ചിത്രമേളയില്‍ തുടങ്ങുന്ന നമ്മുടെ ആന്തോളജി സിനിമാപാരമ്പര്യത്തില്‍ നാലു പെണ്ണുങ്ങളായാലും അഞ്ചു സുന്ദരികളായാലും പെണ്ണുങ്ങളുടെ കഥ പറയാനാണ് ചെറുസിനിമകളെ ആശ്രയിക്കുന്നത്. പെണ്ണുങ്ങള്‍ക്ക് അത്ര വലിയ കഥയൊന്നുമില്ലെന്നാകാം ആണുങ്ങള്‍ പറയുന്നത്.
അന്‍വര്‍ അബ്ദുള്ള

This post has already been read 905 times!

Leave a Reply

താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ റിവേര്‍സ്ക്ലാപ്പിന്‍റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ - മലയാളത്തിലോ, ഇംഗ്ലീഷിലോ എഴുതുക... അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.